ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി​​​​​​​

Posted on : Dec 09, 2023

Share

പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) പാന്‍ക്രിയാസും വൃക്കയും മാറ്റിവെക്കുന്ന ശസ്ത്രക്രിയ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരം സ്വദേശിയായ 37കാരനിലാണ് സെല്‍വിന്റെ അവയവങ്ങള്‍ മാറ്റിവെച്ചത്. പ്രമേഹവും ഗുരുതരമായ വൃക്ക രോഗവും മൂര്‍ച്ഛിച്ചതിന്റെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിനാണ് സെല്‍വിന്റെ അവയങ്ങള്‍ വെച്ചു പിടിപ്പിച്ചത്.

ആരോഗ്യ മേഖലയും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുമിച്ചതോടെയാണ് മറ്റൊരു മഹനീയ മാതൃകയ്ക്ക് വഴിയൊരുങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച അവയവങ്ങള്‍ ഒരു നിമിഷം പോലും വൈകിക്കാതെയായിരുന്നു പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. മെഡ്‌സിറ്റിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, കണ്‍സള്‍ട്ടന്റുമാരായ ഡോക്ടര്‍ എം. സുധീര്‍ മുഹമ്മദ്, ഡോ. വിവേക് രാജേന്ദ്രന്‍, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എം.കെ രാമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിജു ചന്ദ്രന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡാനി ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെല്‍വിന്റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുത്തത്.