കുഞ്ഞുങ്ങള്‍ അന്യ വസ്തുക്കള്‍ വിഴുങ്ങുമ്പോള്‍!!

Posted on : Mar 30, 2023

Share

ഡോ. എബ്രഹാം മാമ്മന്‍

സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്

പീഡിയാട്രിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്

ആസ്റ്റര്‍ മിംസ്, കോഴിക്കോട്.

അപകടമറിയാതെ നിലത്ത് കിടക്കുന്ന വസ്തുക്കളും മറ്റും എടുത്ത് വായയിലിടുന്നത് കുട്ടികൡ പൊതുവെ കണ്ട് വരുന്ന പ്രവണതയാണ്. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്. കഴിക്കുന്ന ഭക്ഷണവും, വെള്ളവുമെല്ലാം അന്നനാളത്തിലേക്കും ശ്വാസമാണെങ്കില്‍ ശ്വാസനാളത്തിലേക്കും സഞ്ചരിക്കാനുള്ള സ്വാഭാവികമായ ക്രമീകരണങ്ങള്‍ ഇവിടെയുണ്ട്. നേര്‍ത്ത ഇലപോലുള്ള ആവരണം ഒരു കാവല്‍ഭടനെ പോലെ പ്രവര്‍ത്തിച്ച് ഇരു സാഹചര്യങ്ങളിലും എതിര്‍വശത്തേക്കുള്ള വഴിയടച്ച് കാവല്‍നില്‍ക്കുകയാണ് ചെയ്യുന്നത്.

അന്നനാളത്തിലേക്ക് പോകുന്ന അന്യവസ്തുക്കള്‍

ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാതെ മലത്തിലൂടെ പുറത്ത് പോവുകയാണ് പതിവ്. എന്നാല്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റും വിഴുങ്ങുമ്പോള്‍ ഇവ സഞ്ചാരപഥത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കാനോ അല്ലെങ്കില്‍ എവിടെയെങ്കിലും കുത്തിക്കയറുവാനോ ഒട്ടിപ്പിടിക്കുവാനോ സാധ്യതയുണ്ട്. പ്രധാനമായും കുടലിലാണ് ഇവ ആഘാതം സൃഷ്ടിക്കാറുള്ളത്. ചിലപ്പോള്‍ അന്നനാളത്തേയും തകരാറിലാക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തി, കുഞ്ഞിന് അനസ്തേഷ്യ നല്‍കി ്പകടകരമായ വസ്തുക്കള്‍ നീക്കം ചെയ്യുകയും, സൃഷ്ടിക്കപ്പെട്ട അപകടകരമായ അവസ്ഥയ്ക്ക് ചികിത്സ നല്‍കുകയും വേണം.

അപകടകരമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ബാറ്ററികള്‍ വിഴുങ്ങുന്ന സാഹചര്യമാണ്. ബാറ്ററികളില്‍ ഉള്‍ക്കൊള്ളുന്ന മാരകമായ പദാര്‍ത്ഥങ്ങള്‍ വയറിലെത്തുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ദോഷകരമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തെ അടിയന്തരമായി അതിജീവിക്കേണ്ടതാണ്. പൊതുവെ എന്‍ഡോസ്‌കോപ്പിയിലൂടെ ഇത്തരം വസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കൂടുതല്‍ അടിയിലേക്കിറങ്ങി എന്‍ഡോസ്‌കോപ്പി വഴി പുറത്തെടുക്കാന്‍ സാധിക്കാത്ത സാഹചര്യം വന്ന് ചേരാനിടയുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കീഹോള്‍ സര്‍ജറി വഴിയോ തുറന്നുള്ള സര്‍ജറി വഴിയോ വസ്തു നീക്കം ചെയ്യേണ്ടതായി വരും.

ശ്വാസനാളത്തിലേക്ക് പോകുന്ന അന്യവസ്തുക്കള്‍.

ചില സന്ദര്‍ഭങ്ങളില്‍ ഇവ അന്നനാളത്തിലേക്ക് പോകാതെ പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യം വന്ന് ചേരും. ഇത് തികച്ചും വ്യത്യസ്തമായ അവസ്ഥാ വിശേഷമാണ്. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞിരിക്കുന്നവയില്‍ നിന്ന് വ്യത്യസ്തമായ ചികിത്സാ മുറകളാണ് ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ടി വരാറുള്ളത്. ശ്വാസനാളത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വസ്തു സ്വാഭാവികമായി പുറത്ത് വരാനുള്ള ഏക മാര്‍ഗ്ഗം എന്നത് ചുമയ്ക്കുക എന്നത് മാത്രമാണ്. എന്നിട്ടും പുറത്ത് വരാതെ ഇവ ബ്രോങ്കസ്സിലോ ശ്വാസകോശത്തിലോ തുടരുകയാണെങ്കില്‍ ഗൗരവതരമായ സമീപനം ആവശ്യമായി വരും.

ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന അന്യവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ബ്രോങ്കോസ്‌കോപ്പി എന്ന രീതിയാണ് പ്രധാനമായും അവലംബിക്കാറുള്ളത്. അനസ്തേഷ്യ നല്‍കിയ ശേഷമാണ് ഇത് നിര്‍വ്വഹിക്കുക. ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്‌കോപ്പ് എന്ന കുഴല്‍ സന്നിവേശിപ്പിക്കുകയും ഇതിലൂടെ അന്യവസ്തുക്കളെ കൃത്യമായി ദര്‍ശിച്ച ശേഷം ഗ്രാസ്പിങ്ങ് ഫോര്‍സെപ്സ് എന്ന ഉപകരണം ഉപയോഗിച്ച് വസ്തുക്കള്‍ പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്. .

ബോള്‍ റിങ്ങ്, പുളിങ്കുരു പോലുള്ള വട്ടത്തിലും മിനുസമുള്ളതുമായ വസ്തുക്കള്‍ പുറത്തെടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇവ തിരികെ വീണ് പോകാനുള്ള സാധ്യതയും കൂടുതലാണ്. മഫ്ത പിന്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കളും വളരെ വ്യാപകമായി കുട്ടികള്‍ വിഴുങ്ങുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതും നീക്കം ചെയ്യല്‍ വളരെ സങ്കീര്‍ണ്ണവും ദുഷ്‌കരവുമാണ്. എത്തിച്ചേര്‍ന്നിരിക്കുന്ന പ്രദേശത്ത് കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാനും നീക്കം ചെയ്യുമ്പോള്‍ പോലും മുറിവുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

ശസ്ത്രക്രിയ വേണ്ടി വരുന്ന സാഹചര്യം.

അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിര്‍വ്വഹിക്കേണ്ടി വരും. നിരവധി തവണ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ ഭാഗത്ത് ശസ്ത്രക്രിയ (തൊറാകോടമി) നിര്‍വ്വഹിച്ച് അന്യവസ്തു നീക്കം ചെയ്യേണ്ടതായി വരും.

മുന്‍കരുതലാണ് പ്രധാനം.

ഇത്തരത്തിലുള്ള അപകടം സംഭവിച്ചതിന് ശേഷം ദുഖിച്ചതുകൊണ്ടോ ആശങ്കപ്പെട്ടതുകൊണ്ടോ കാര്യമില്ല. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക. നീക്കം ചെയ്യാനുള്ള ശ്രമങ്ങളോട് പരമാവധി സഹകരിക്കണം. ഒന്നോ രണ്ടോ തവണ പരിശ്രമിച്ചിട്ടും അന്യവസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നേക്കാം. ഈ ഘട്ടങ്ങളില്‍ പരമാവധി സമന്വയത്തോടെ ഡോക്ടര്‍മാരുടമായി സഹകരിക്കണം. പ്രകോപനങ്ങള്‍ സൃഷ്ടിക്കരുത്. എല്ലാറ്റിലുമുപരിയായി സാഹചര്യം സൃഷ്ടിച്ചശേഷം ദുഖിച്ചിട്ട് കാര്യമില്ല എന്ന് ഓര്‍മ്മിക്കുക. കുട്ടികളുടെ സുരക്ഷിതത്വം ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണ്. മുന്‍കരുതള്‍ നിര്‍ബന്ധമായും സ്വീകരിക്കുക.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number