റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ്; അതിനൂതനം, ഏറ്റവും സുരക്ഷിതം.

Posted on : Apr 03, 2023

Share

നമ്മുടെ പൊതുസമൂഹത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് വൃക്ക സംബന്ധമായ രോഗങ്ങള്‍. ജീവിതശൈലിയിലും മറ്റും സംഭവിച്ച മാറ്റങ്ങള്‍ വൃക്കരോഗങ്ങളുടെ വ്യാപനത്തിനുള്ള ഘടകങ്ങളില്‍ ഒന്നാണ്. വൃക്കരോഗം മൂര്‍ച്ഛിക്കുകയും ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്ന അവസ്ഥ (വൃക്കസ്തംഭനം) എത്തിക്കഴിഞ്ഞാല്‍ പിന്നെ വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ശാശ്വതമായ പ്രതിവിധിയായിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നൂതനമായ നിരവധി പുരോഗതികള്‍ ഈ രംഗത്ത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്കമാറ്റിവെക്കലിന്റെ സങ്കീര്‍ണ്ണതയും വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. ഈ രംഗത്തെ ചില പ്രധാന മാറ്റങ്ങളിലൊന്നാണ് റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ്                                                                               


വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഏറ്റവും നുതനമായ കാല്‍വെപ്പാണു റോബോട്ട് ഉപയോഗിച്ചുള്ള വൃക്ക മാറ്റി വെയ്ക്കല്‍. ശസ്ത്രക്രിയാവിദഗ്ദ്ധന്‍  ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ റോബോട്ട് എന്ന പറയുന്ന ഉപകരണത്തിന്റെ കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്നു. വളരെ ചെറിയ മുറിവിലൂടെ റോബോട്ടിന്റെ നാലോ അഞ്ചോ  കൈകള്‍ രോഗിയുടെ വയറ്റിനകത്തേക്കു കടത്തിവിട്ട് ഈ കൈകളുപയോഗിച്ചാണു ശസ്ത്രക്രിയ ചെയ്യുന്നത്. വയറ്റിനകത്തുള്ള അവയവങ്ങളെല്ലാം ഒരു ക്യാമറയുടെ സഹായത്തോടെ വിപുലീകരിച്ച് ശസ്ത്രക്രിയാ വിദഗ്ദ്ധനു കാണുവാനുള്ള സൗകര്യമുണ്ട്. ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ റോബോട്ടിന്റെ കൈകളിലൂടെ പ്രവര്‍ത്തിപ്പിയ്ക്കുന്നു. വിപുലീകരണം  ഉള്ളതുകൊണ്ട് ചെറിയ രക്തകുഴലുകളെല്ലാം വലുതായി കാണുകയും, അതിനാല്‍ രക്തസ്രാവമുണ്ടാകുന്നതു  ഒഴിവാക്കുവാനും സാദ്ധിക്കുന്നു. മനുഷ്യരുടെ കൈകളിലുണ്ടാകുന്ന വിറയല്‍  റോബോട്ടിന്റെ കൈകളില്‍ ഉണ്ടായിരിക്കുകയില്ല. മാത്രമല്ല, വളരെ കൃത്യതയോടെയും സുക്ഷ്മതയോടെയും മുറിയ്ക്കുവാനും രക്തകുഴലുകള്‍ തമ്മില്‍ തുന്നി ചേര്‍ക്കുവാനും കഴിയുന്നു. ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ തന്റെ കൈകള്‍ ഉപയോഗിച്ച് റോബോട്ടിന്റെ നാലു കൈകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നു.

റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ ഗുണമേന്മകള്‍ താഴെ പറയുന്നവയാണ്:

1. ചെറിയ മുറിവിലൂടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുന്നു.
2. രക്തസ്രാവം വളരെ കുറയുന്നു.
3. രോഗിക്കു വേദനയും അണുബാധയും ആശുപത്രിവാസവും കുറയുന്നു.
4. വയറിനകത്തുള്ള അവയവങ്ങളും രക്ത കുഴലുകളും വലുതായി കാണുവാന്‍ ശസ്ത്രക്രിയാവിദഗ്ദ്ധനു കഴിയുന്നു.  
5. മുറിവും തുന്നലും വളരെ കൃത്യവും സൂക്ഷ്മവുമാകുന്നു.  
6. ശസ്ത്രക്രിയാ വിദഗ്ദ്ധന് ഇരിപ്പടത്തില്‍ ഇരുന്നു കൈ വിറയല്‍ കുടാതെ  ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ കുടുതല്‍ സമയമെടുക്കുന്ന ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ക്ഷീണിതനാവാതിരിക്കുവാന്‍ ഇതു ഉപകരിക്കുന്നു.