സര്‍ജറിയില്ലാതെ ഗര്‍ഭാശയമുഴ ഭേദമാക്കാം

Posted on : Apr 06, 2023

Share

ഗര്‍ഭാശയമുഴകള്‍ ഉണ്ടാകുവാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്, എങ്കിലും സ്ത്രീഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ ഉത്പാദനവുമായി ഗര്‍ഭാശയമുഴകള്‍ക്ക് ബന്ധമുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം ഏറ്റവും പാരമ്യതയില്‍ നില്‍ക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനപരമായ കാലയളവിലാണ് (16 വയസ്സ് മുതല്‍ 50 വയസ്സ് വരെ). ഈ കാലയളവിൽ ഗര്‍ഭാശയ മുഴകളും കൂടുതലായി കാണപ്പെടുന്നു. ആര്‍ത്തവ വിരാമാനന്തരം ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിനനുസരിച്ച് ഗര്‍ഭാശയ മുഴകളുടെ വളര്‍ച്ചയും കുറഞ്ഞ് വരുന്നു.

ഗര്‍ഭാശയ മുഴകള്‍ക്ക് ഏകീകൃതമായ രൂപം പൊതുവേ കാണപ്പെടാറില്ല. ചിലത്  കടലമണികള്‍ പോലെ ചെറുതായിരിക്കുമ്പോള്‍ മറ്റ് ചിലത് നാരങ്ങയുടെയത്ര വലുപ്പമുള്ളതായി കാണപ്പെടുന്നു. ഗര്‍ഭാശയത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനം അനുസരിച്ചാണ് പ്രധാനമായും ഇതിനെ വിഭജിക്കുന്നത്.

ചികിത്സ:
ഗര്‍ഭാശയമുഴകള്‍ പ്രത്യേകിച്ച് ലക്ഷണമൊന്നും തന്നെ കാണിക്കാത്തവയാണെങ്കില്‍ ചികിത്സ തേടേണ്ട ആവശ്യം പൊതുവെ ഉണ്ടാകാറില്ല. ലക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും ചികിത്സ തീരുമാനിക്കപ്പെടുന്നത്. 

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പ്രധാനമായും തുടക്കത്തില്‍ സ്വീകരിക്കാറുള്ളത്. ഈസ്ട്രജന്‍ ഉത്പാദനം പരിമിതപ്പെടുത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് ഇതില്‍ പ്രധാനമായും നല്‍കപ്പെടുന്നത്. ചിലരില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മരുന്ന് പരാജയപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇത് ആവശ്യമായി വരുന്നത്. ഹിസ്റ്ററോസ്‌കോപിക് റിസക്ഷന്‍, മയോമെക്ടമി (കീ ഹോള്‍ & ലാപ്രോട്ടമി), ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്റ്ററക്ടമി തുടങ്ങിയ രീതികളാണ് സമീപകാലം വരെ പ്രധാനമായും സ്വീകരിച്ചിരുന്നത്.

ശസ്ത്രക്രിയ അല്ലാതെ തന്നെ ഗര്‍ഭപാത്രത്തിലെ മുഴയുടെ വലുപ്പം കുറയ്ക്കുന്ന നൂതനരീതിയായ യൂ ട്രൈന്‍ ആര്‍ട്ടറി എംബൊളൈസേഷന്‍ (UAE) എന്ന പുതിയ മാര്‍ഗ്ഗം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റാണ് പ്രധാനമായും ഈ രീതി നിര്‍വ്വഹിക്കുന്നത്. അനസ്‌തേഷ്യ നല്‍കാതെ രോഗി ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തന്നെയാണ് യു എ ഇ ചെയ്യുന്നത്. 

കയ്യിലെ റേഡിയൽ ആർട്ടിയുടെ അഗ്രഭാഗത്തെ (അനാട്ടമിക്കൽ സ്നഫ് ബോക്സ്) വഴി സന്നിവേശിപ്പിക്കപ്പെടുന്ന നേരിയ ട്യൂബ് (കത്തീറ്റർ) ഉപയോഗിച്ച് ഗർഭാശയമുഴയ്ക്ക് രക്തം എത്തിക്കുന്ന ധമനിയുടെ ശാഖകളെ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ വളരെ കൃത്യമായി ബ്ലോക്ക് ചെയ്യുന്നു. ഭക്ഷണവും ഓക്സിജനും ലഭിക്കാത്തതു കാരണം ഫൈബ്രോയിഡുകൾ സ്വാഭാവികമായും ചുരുങ്ങിപ്പോവുകയും, അവകാരണം ഉണ്ടായിരുന്ന ലക്ഷണങ്ങൾ 80-90% വരെ സ്ത്രീകളിലും പൂർണമായി സുഖപെടുകയും ചെയ്യുന്നു. ഇത്തരം രീതികളിലൂടെയുള്ള ചികിത്സ നിർവഹിച്ചു കഴിഞ്ഞാൽ ഫൈബ്രോയിഡുകൾ തിരിച്ചുവരുന്നത് അപൂർവമാണ്. എത്ര ഫൈബ്രോഡുകൾ ഉണ്ടെങ്കിലും ഒരേസമയം ചികിത്സിക്കാമെന്നത് ഓപ്പറേഷനെ അപേക്ഷിച്ച് യുഎഇയുടെ പ്രത്യേകതയാണ്.

ഗർഭപാത്രത്തെയും  അണ്ഡാശയത്തെയും സംരക്ഷിക്കാമെന്നതാണ്  ഒരു വലിയ നേട്ടം. സ്ത്രീകളുടെ യൗവനം ഇതുമൂലം നിലനിർത്താമെന്നത്  മാത്രമല്ല വിളർച്ചയും വിഷമങ്ങളും ഇല്ലാതാകുന്നതോടെ വർധിച്ച ആരോഗ്യവും ഊർജ്ജസ്വലതയും 3-6 മാസം കൊണ്ട് കൈവരിക്കാം എന്നത് ഈ ആധുനിക ചികിത്സയെ വ്യതിരിക്തമാക്കുന്നു.
യുഎഇ ചികിത്സ കഴിഞ്ഞാൽ ആദ്യ മൂന്നു നാല് ദിവസങ്ങളിൽ നേരിയ അടിവയർ വേദന അനുഭവപ്പെടാം. ഇത് ഫൈബ്രോയ്ഡുകൾ ചുരുങ്ങുന്നതിന്റെ സ്വാഭാവികമായ ലക്ഷണം മാത്രമാണ്. പാർശ്വഫലങ്ങൾ ഇല്ലാതെ നേരിയ മരുന്നുകൾ, ധാരാളം വെള്ളം, ഭക്ഷണത്തിൽ പഴങ്ങൾ പച്ചക്കറികൾ എന്നിവ കൂടുതലായി ഉപയോഗിച്ചും ഇത് ലളിതമായി  ചികിത്സിക്കാം.

സർജറിയെ അപേക്ഷിച്ചു അണുബാധയ്ക്ക് സാധ്യതയില്ല.
ഒരു വിധ കീറലും തുന്നലും ഇല്ലാത്ത അതീവ ലളിതമായ ചികിത്സയാണ് യുഎഇ.

ഒട്ടും രക്തനഷ്ടം ഇല്ല എന്നതും ഒരുവിധ പാടുകളും ഉണ്ടാവുന്നില്ല എന്നതും അനസ്തേഷ്യ ആവശ്യമില്ല എന്നതും യുഎഇയുടെ മാത്രം പ്രത്യേകതയാണ്.

യുഎഇ ചെയ്തു കഴിഞ്ഞവർക്ക് ഒരു മണിക്കൂറിനുള്ളിൽതന്നെ നടക്കുവാൻ ആകും, ബാത്റൂമിൽ സ്വയം പോകുന്നതിനും സാധാരണ ഭക്ഷണം കഴിക്കുന്നതിനും സാധിക്കും. പരമാവധി ഒരു ദിവസത്തെ വിശ്രമം മാത്രമേ ആവശ്യമുള്ളൂ മൂന്ന് ദിവസത്തിനകം തന്നെ എല്ലാവിധ ജോലികളും യാത്രകളും ചെയ്യാവുന്നതാണ്.

3ഡി ലൈവ് നാവിഗേഷൻ, പെർഫ്യൂഷൻ മാപ്പിങ് എന്നിവ വഴി നിർവഹിക്കപ്പെടുന്ന അത്യാധുനിക യുഎഇ വളരെ ലളിതവും പൂർണ്ണതയുള്ളതും ഏറ്റവും ശാസ്ത്രീയവും താരതമ്യേന ചെലവ് കുറഞ്ഞതുമായ വിപ്ലവകരമായ ചികിത്സയാണ്.

ന്യൂ ഇംഗ്ലണ്ട് ജേർണലിൽ ആധികാരിക പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് യുഎഇ യുടെ ശാസ്ത്രീയതകളും സർജറിയെ അപേക്ഷിച്ച് മേന്മയും തെളിയിക്കപ്പെടുകയും  വ്യാപകമായി ഇത് പ്രചാരത്തിൽ ആവുകയും ചെയ്തത്.