അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതശൈലിയിൽ 'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം എന്നത് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാൽ ഈ മാനസിക സമ്മർദ്ദവും മാറിയ ഭക്ഷണരീതികളും ശരീരത്തിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ വിപത്താണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ (Hypertension). പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഒരു 'നിശബ്ദ കൊലയാളി' (Silent Killer) എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. രക്തസമ്മർദ്ദം കൃത്യസമയത്ത് നിയന്ത്രിക്കാതിരുന്നാൽ അത് മറ്റ് മാരകമായ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കും.
ആദ്യകാല ലക്ഷണങ്ങൾ: ശരീരം തരുന്ന മുന്നറിയിപ്പുകൾ
രക്തസമ്മർദ്ദം വർദ്ധിക്കുന്നത് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. എങ്കിലും ശരീരം പ്രകടിപ്പിക്കുന്ന ചില ആദ്യകാല ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- വിട്ടുമാറാത്ത തലവേദന: പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ തലയുടെ പിൻഭാഗത്തുണ്ടാകുന്ന കഠിനമായ വേദന.
- തലകറക്കവും കാഴ്ചമങ്ങലും: പെട്ടെന്നുണ്ടാകുന്ന തലകറക്കം, കൺപോളകൾക്ക് ഭാരം അനുഭവപ്പെടുക അല്ലെങ്കിൽ കാഴ്ച മങ്ങുക.
- അമിതമായ ക്ഷീണവും ശ്വാസംമുട്ടലും: ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും അമിതമായി തളരുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുക.
- നെഞ്ചിടിപ്പ് വർദ്ധിക്കുക: അകാരണമായി നെഞ്ചിൽ അസ്വസ്ഥതയോ നെഞ്ചിടിപ്പ് ഉയരുന്നതായി അനുഭവപ്പെടുക.
- ഉറക്കമില്ലായ്മ (Insomnia): രാത്രിയിൽ കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും മനസ്സിന് അസ്വസ്ഥത തോന്നുകയും ചെയ്യുക.
ഹൈപ്പർടെൻഷൻ എങ്ങനെ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നു?
ഉയർന്ന രക്തസമ്മർദ്ദമുള്ള പലരും മരുന്നുകളിലൂടെ നിയന്ത്രിച്ചു നിർത്താം എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. രക്തക്കുഴലുകളിലെ അമിതമായ സമ്മർദ്ദം കാലക്രമേണ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ നിശബ്ദമായി ബാധിക്കുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കണ്ണിനെ ബാധിക്കുന്ന റെറ്റിനോപ്പതി (Retinopathy) തിരിച്ചറിയാനുള്ള കണ്ണ് പരിശോധനയും, വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകളും കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് താഴെ പറയുന്ന ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കുന്നു:
- ഹൃദ്രോഗങ്ങൾ (Heart Diseases): ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികൾക്ക് അമിത ജോലിഭാരം നൽകുന്നു. ഇത് ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഒടുവിൽ ഹൃദയാഘാതത്തിലേക്ക് (Heart Attack) നയിക്കാനും കാരണമാകുന്നു.
- പക്ഷാഘാതം (Stroke): തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അമിത സമ്മർദ്ദം മൂലം പൊട്ടുകയോ അല്ലെങ്കിൽ അവിടെ രക്തം കട്ടപിടിച്ച് ബ്ളോക്ക് ഉണ്ടാവുകയോ ചെയ്യുന്നത് വഴിയാണ് പക്ഷാഘാതം ഉണ്ടാകുന്നത്.
- വൃക്കരോഗം (Kidney Damage): വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വഴി ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ കഴിയാതെ വരികയും ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാവുകയും ചെയ്യുന്നു.
- പ്രമേഹം (Diabetes Complexities): ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അതുവഴി ടൈപ്പ്-2 പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹവും ഹൈപ്പർടെൻഷനും ഒരുമിച്ചുവരുന്നത് രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
രക്ത സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ സാധ്യതകളും കാരണങ്ങളും
ഒരാളിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും അത് രോഗാവസ്ഥയിലേക്ക് മാറുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ട്:
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം: തുടർച്ചയായ സ്ട്രെസ് ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ഇത് രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നു നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു.
- അശാസ്ത്രീയമായ ഭക്ഷണരീതി: ഭക്ഷണത്തിൽ ഉപ്പിന്റെ (Sodium) അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ കൊഴുപ്പേറിയ ഭക്ഷണങ്ങൾ തുടങ്ങിയവ രക്തസമ്മർദ്ദത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു.
- വ്യായാമക്കുറവ്: ശാരീരിക അധ്വാനമില്ലായ്മയും സുഖലോലുപമായ ജീവിതശൈലിയും അമിതവണ്ണത്തിന് കാരണമാകുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.
- ലഹരി ഉപയോഗം: അമിതമായ മദ്യപാനവും പുകവലിയും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കി മാറ്റുന്നു.
- ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദമോ ഹൃദ്രോഗമോ ഉണ്ടെങ്കിൽ അത് അടുത്ത തലമുറയെയും ബാധിക്കാൻ സാധ്യതയുണ്ട്.
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഹൈപ്പർടെൻഷൻ മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ സ്ക്രീനിംഗിലൂടെ കണ്ടെത്തേണ്ടതുണ്ട്. 30 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞാൽ ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ വലിയൊരു പരിധി വരെ മറ്റ് രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും.
ആരോഗ്യമുള്ള ഒരു ജീവിതത്തിനായി ലളിതമായ ചില ശീലങ്ങൾ ഉറപ്പാക്കാം:
പതിവ് പരിശോധനകളിൽ രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്ന് (Normal) കണ്ടാൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ മരുന്നുകൾ സ്വയം നിർത്തുകയോ അതിന്റെ അളവ് (Dose) കുറയ്ക്കുകയോ ചെയ്യരുത്. ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കർശനമായി കുറയ്ക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമങ്ങളായ നടത്തം, നീന്തൽ, യോഗയോ ശീലമാക്കുക. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്വസന വ്യായാമങ്ങൾ (Deep Breathing) സഹായിക്കും. സമീകൃത ആഹാരത്തോടൊപ്പം കുറഞ്ഞത് 7-8 മണിക്കൂർ സുഖനിദ്ര ഉറപ്പാക്കുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക.







