കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ ആസ്റ്റർ എൻറിച്ചിന്റെ മൂന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി.എസ്. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദഗ്ധ ഡോക്ടർമാർ, കുട്ടികൾ, രക്ഷിതാക്കൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി മുളന്തുരുത്തി അല കൾച്ചറൽ സെന്റർ അവതരിപ്പിച്ച സംവേദനാത്മക കഥപറച്ചിൽ സെഷനും കുട്ടികളുടെ സർഗാത്മകവും വിനോദപരവുമായ പരിപാടികളും സംഘടിപ്പിച്ചു.
കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ, സംസാര സംബന്ധമായ ബുദ്ധിമുട്ടുകൾ, ഓട്ടിസം, ശ്രദ്ധക്കുറവ്, പഠനവൈകല്യങ്ങൾ തുടങ്ങിയവ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സയും തെറാപ്പിയും നൽകുന്ന പ്രത്യേക കേന്ദ്രമാണ് ആസ്റ്റർ എൻറിച്ച്. സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ ഉൾപ്പെടുന്ന സംയോജിത പരിചരണമാണ് ഇവിടെ ലഭ്യമാക്കുന്നത്.
സാമ്പത്തിക പരാധീനതകൾ കാരണം ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത കുട്ടികൾക്ക് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ചികിത്സാ ഇളവുകൾ നൽകുമെന്ന് ഡോ. ഹരി പി.എസ്. ചടങ്ങിൽ പ്രഖ്യാപിച്ചു.
ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ മേധാവി ജിംസൺ ഇ.ആർ., പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിനീഷ് ബാലചന്ദ്രൻ, ഡോ. മുഹമ്മദ് റിഷാദ്, ഡോ. രാജേശ്വരി സി.എം., സൈക്കിയാട്രി വിഭാഗം മേധാവി ഡോ. നിധീഷ് ശങ്കർ, അസിസ്റ്റന്റ് ജനറൽ മാനേജർ–ഓപ്പറേഷൻസ് ശ്രീഹരി എം. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് വിദഗ്ധ തെറാപ്പിയും രക്ഷിതാക്കൾക്ക് ആവശ്യമായ മാർഗനിർദ്ദേശവും പിന്തുണയും ലഭ്യമാക്കി കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം മെച്ചപ്പെടുത്തുകയാണ് ആസ്റ്റർ എൻറിച്ചിന്റെ ലക്ഷ്യം.

