ഗർഭാശയത്തിൽ രൂപപ്പെടുന്ന അർബുദരഹിതമായ (Non-cancerous) മുഴകളാണ് ഫൈബ്രോയിഡുകൾ അഥവാ ഗർഭാശയ മുഴകൾ. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ ഇത് വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഈ ആരോഗ്യ പ്രശ്നം. ചെറിയ മുഴകൾ മുതൽ ഗർഭാശയത്തിന്റെ ആകൃതിയെത്തന്നെ മാറ്റാൻ ശേഷിയുള്ള വലിയ മുഴകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗം സ്ത്രീകളിലും ഇത് യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ലെങ്കിലും ചിലരിൽ ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ മുഴകൾക്ക് എപ്പോഴാണ് ചികിത്സ വേണ്ടിവരുന്നതെന്ന് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രധാന ലക്ഷണങ്ങൾ
സാധാരണയായി സ്ത്രീകളിൽ ഫൈബ്രോയിഡുകൾ പ്രകടമായ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ നിങ്ങളുടെ ശരീരത്തിൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഗർഭാശയ മുഴകളുടെ സൂചനയാകാം:
- അമിതമായ രക്തസ്രാവം.
- നീണ്ടുനിൽക്കുന്ന ആർത്തവം.
- അടിവയറ്റിൽ വിട്ടുമാറാത്ത കടുത്ത വേദനയും ഭാരക്കൂടുതലും (Pelvic pressure or pain).
- മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ.
- വിട്ടുമാറാത്ത നടുവേദന അല്ലെങ്കിൽ കാലുവേദന.
- ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന കടുത്ത വേദന.
കാരണങ്ങളും അപകടസാധ്യതകളും
ഗർഭാശയ മുഴകൾ ഉണ്ടാകാനുള്ള കൃത്യമായ കാരണം വൈദ്യശാസ്ത്രത്തിന് പൂർണ്ണമായും വ്യക്തമല്ലെങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്:
- ഹോർമോൺ വ്യതിയാനങ്ങൾ: സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ (Estrogen), പ്രൊജസ്ട്രോൺ (Progesterone) എന്നിവയുടെ ഉൽപ്പാദനം ഫൈബ്രോയിഡുകളുടെ വളർച്ചയെ വലിയ തോതിൽ സ്വാധീനിക്കുന്നു. ഗർഭകാലത്ത് ഇവയുടെ വളർച്ച വേഗത്തിലാകാനും ആർത്തവവിരാമത്തിന് ശേഷം ഇവ ചുരുങ്ങാനും കാരണം ഇതാണ്.
- അമിതവണ്ണം: ശരീരഭാരം കൂടുതലുള്ള സ്ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ ഇരട്ടിയാണ്.
- ഭക്ഷണക്രമം: ചുവന്ന മാംസം (Red meat) കൂടുതലായി കഴിക്കുന്നതും പച്ചക്കറികളുടെ കുറവും ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
എല്ലാ ഗർഭാശയ മുഴകൾക്കും ശസ്ത്രക്രിയയോ ചികിത്സയോ ആവശ്യമില്ല. ലക്ഷണങ്ങൾ കാണിക്കാത്ത ചെറിയ മുഴകളെ ഡോക്ടർമാർ നിരീക്ഷിക്കുക മാത്രമാണ് ചെയ്യാറുള്ളത്. എന്നാൽ ഇവ നേരത്തെ തന്നെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പതിവായുള്ള ഗൈനക്കോളജിക്കൽ പരിശോധനകളിലൂടെയോ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയോ (Ultrasound scan) ഇവ എളുപ്പത്തിൽ കണ്ടെത്താം.
അമിത രക്തസ്രാവം മൂലം ഉണ്ടാകുന്ന വിളർച്ച (Anemia), ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകൾ (Infertility), ഇടയ്ക്കിടെയുണ്ടാകുന്ന അബോർഷൻ തുടങ്ങിയ സങ്കീർണ്ണതകൾ ഒഴിവാക്കാൻ നേരത്തെയുള്ള രോഗനിർണ്ണയം സഹായിക്കും. രോഗിയുടെ പ്രായം, മുഴകളുടെ വലിപ്പവും സ്ഥാനവും, ലക്ഷണങ്ങളുടെ തീവ്രത, ഭാവിയിൽ ഗർഭം ധരിക്കാനുള്ള താല്പര്യം എന്നിവ കണക്കിലെടുത്താണ് മരുന്നുകളാണോ അതോ ശസ്ത്രക്രിയയാണോ (Myomectomy അല്ലെങ്കിൽ Hysterectomy) വേണ്ടതെന്ന് ഒരു ഗൈനക്കോളജിസ്റ്റ് തീരുമാനിക്കുന്നത്.
ശരിയായ ശരീരഭാരം നിലനിർത്തുക എന്നതാണ് ഫൈബ്രോയിഡുകളെയും അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. അതിനാൽ വിറ്റാമിനുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. ആർത്തവചക്രത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ, അമിതമായ വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അത് അവഗണിക്കരുത്. ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകൾ നടത്തുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്.

