കുട്ടികളിലെ ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും മാനസിക രോഗമാണോ?

by Dr. Nidheesh Sankar V

കുട്ടികളിലെ ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും മാനസിക രോഗമാണോ?

എന്റെ കുഞ്ഞ് എങ്ങിനെയെങ്കിലും ചുറുചുറുക്കുള്ളവനായിക്കാണണം എന്നാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടോ? ഇല്ലെന്നാണല്ലോ നമ്മുടെ പൊതുവായ ധാരണ. എന്നാല്‍ എല്ലായ്‌പോഴും ഈ മുന്‍ധാരണ അത്രത്തോളം ശരിയായിക്കൊള്ളണമെന്നില്ല. അതുപോലൊരു പ്രശ്‌നവുമായാണ് കഴിഞ്ഞ ദിവസം പന്ത്രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ കൂടെ ആ രക്ഷിതാക്കളും ഒ. പി യില്‍ വന്നത്.

' ഇവന്‍ അടങ്ങിയിരിക്കുന്നില്ല ഡോക്ടര്‍' എന്നതാണ് ആദ്യത്തെ പരാതി. 'ഒന്നിലും ഒരു ശ്രദ്ധയുമില്ല, പഠനത്തില്‍ വളരെ പിറകിലാണ്, മറ്റുള്ളവര്‍ക്ക് ശല്യക്കാരനാണ്' തുടങ്ങിയ അനുബന്ധ പരാതികള്‍ വേറെയുമുണ്ട്. അത്യാവശ്യം മെഡിക്കല്‍ സയന്‍സുമായി ബന്ധമുള്ള അവരുടെ അടുത്ത സുഹൃത്ത് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മടിച്ച് മടിച്ചാണെങ്കിലും എന്റെ അരികിലെത്തിച്ചേര്‍ന്നത്.

സംഗതി ചെറിയ ഒരു രോഗാവസ്ഥയാണ്. എ ഡി എച്ച് ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്) ADHD (Attention deficit hyperactivity disorder) എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിവ തന്നെയാണ് പ്രധാനമായ ലക്ഷണങ്ങള്‍. Minimal Brain Dysfunction (തലച്ചോറിന്റെ നേരിയ പ്രവര്‍ത്തനക്കുറവ്), Hyper Kinetic Syndron (ഹൈപ്പര്‍ കൈനറ്റിക് സിന്‍ഡ്രോം) എന്നീ പേരുകളിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്.

കാരണങ്ങള്‍

തലച്ചോറിന് സംഭവിക്കുന്ന സൂക്ഷ്മമായ എന്നാല്‍ വ്യക്തമല്ലാത്ത ചില തകരാറുകള്‍ മൂലമാണ് ADHD എന്ന അവസ്ഥ സംജാതമാകുന്നത് എന്നാണ് കരുതപ്പെടുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്തണമെങ്കില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് സോപ്പമിന്‍, നോര്‍എപ്പിനെഫ്രിന്‍, സിറടോണിന്‍ എന്നിവ, ഇവയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ADHD യ്ക്കാ കാരണമാകുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രസവ സമയത്ത് സംഭവിക്കുന്ന പരിക്കുകള്‍, ജീവിതത്തിന്റെ ആദ്യകാലത്തെ പോഷകാഹാരക്കുറവ് തുടങ്ങിയ പല കാരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നു.

ലക്ഷണങ്ങള്‍

നേരത്തെ പറഞ്ഞത് പോലെ തന്നെ ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിങ്ങനെയുള്ള മൂന്ന് ലക്ഷണങ്ങളാണ് ഏറ്റവും പ്രധാനം. പ്രായപൂര്‍ത്തിയായവരില്‍ പോലും ഇവ ഒരു പരിധിവരെ കാണപ്പെടാറുണ്ട്. അതിനാല്‍ ആര് മാസത്തില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ മനോരോഗ വിദഗ്ദ്ധനെ കണ്ട് രോഗനിര്‍ണ്ണയം നടത്തേണ്ടത് ആവശ്യമാണ്.

A) ശ്രദ്ധക്കുറവ് : പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും അശ്രദ്ധമൂലമുള്ള തെറ്റുകള്‍ സ്ഥിരമായി വരുത്തുക
പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക, നേരിട്ട് സംസാരിക്കുന്നവരെ കുട്ടി ശ്രദ്ധിക്കാതിരിക്കുക
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക, കര്‍ത്തവ്യങ്ങള്‍ നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കാതിരിക്കുക
ഹോം വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മാനസിക പരിശ്രമം ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക
കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ പുസ്തകങ്ങള്‍, പേന, പെന്‍സില്‍ മുതലായവ സ്ഥിരമായി നഷ്ടപ്പെട്ട് പോവുക
മറവിയും ഏകാഗ്രത കുറവും പ്രകടമാക്കുക

B) അമിത ചുറുചുറുക്ക് : ശാന്തനായിരിക്കാന്‍ പറഞ്ഞാല്‍ വളരെയധികം അസ്വസ്ഥനായി കാണപ്പെടുക
ക്ലാസ്സ് മുറികള്‍ പോലുള്ള സ്ഥലങ്ങളില്‍ ദീര്‍ഘനേരം ഇരിക്കാന്‍ സാധിക്കാതെ എഴുന്നേറ്റ് നടക്കുക.
കളികള്‍ക്കിടയില്‍ അമിതമായി ഓടുക, ചാടുക, വീട്ടുപകരണങ്ങളിലും ജനവാതിലിലും മാറ്റും കയറുകയും ഇറങ്ങുകയും ചെയ്യുക.
ഒഴിവ് സമയങ്ങളില്‍ ശാന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരിക
അമിതമായ സംസാരം

C) എടുത്ത്ചാട്ടം : ചോദ്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ചാടിക്കയറി മറുപടി പറയുക
തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതിനുള്ള ക്ഷണ കാണിക്കാതിരിക്കുക
മറ്റുള്ളവരുടെ സംഭാഷണങ്ങളെ തടസ്സപ്പെടുത്തുക

ഇതിന് പുറമെ നിരന്തരമായി മാറി വരുന്ന ചിത്രങ്ങള്‍ ശ്രദ്ധ ആവശ്യമില്ലാത്ത ഒന്നായതിനാല്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയ്ക്ക് മുന്‍പില്‍ മണിക്കൂറുകളോളം ഇരിക്കുന്നതും ലക്ഷണമാണ്.

അദ്ധ്യാപകരും മാതാപിതാക്കളും

ഈ അവസ്ഥയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്നത് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമാണ്. തങ്ങളുടെ മുന്‍പിലിരിക്കുന്ന കുട്ടിയുടെ അവസ്ഥ ADHD ആണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് കുട്ടിയെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് അദ്ധ്യാപകന്റെ ഉത്തരവാദിത്തമാണ്. തങ്ങളുടെ കുഞ്ഞിന് ഈ അവസ്ഥ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് മാതാപിതാക്കളുടെ കടമയും കൂടിയാണ്. രോഗനിര്‍ണ്ണയാനന്തരം മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും പ്രതികരണം നിര്‍ണ്ണായകമാണ്. കുഞ്ഞിന്റെ അവസ്ഥയാണ് എന്ന് ഉള്‍ക്കൊള്ളാതെ അദ്ധ്യാപകരെയും സ്‌കൂളിനേയും കുറ്റപ്പെടുത്തുകയും നിരന്തരമായി കുഞ്ഞിനെ സ്‌കൂള്‍ മാറ്റുകയും ചെയ്യുന്നത് കുട്ടിയുടെ പഠനത്തെ വളരെ ദോഷകരമായി ബാധിക്കും. കുഞ്ഞിന്റെ പരിപാലനത്തിന് ആവശ്യമായ കൗണ്‍സലിംഗുകള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം.

ചികിത്സ

എത്ര നേരത്തെ അസുഖം കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമായി ചികിത്സ നടത്താം എന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തേ തന്നെ ചികിത്സ ആരംഭിച്ചാല് വലിയ വൈഷമ്യമോ അപമാനമോ ഒന്നുമില്ലാതെ കുഞ്ഞിനെ സമൂഹത്തിന്റെ മുഖ്യധാരയുമായി ഇടപെടുത്താന്‍ സാധിക്കും. മനോരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുന്നത് കുഞ്ഞ് മാനസിക രോഗിയാണ് എന്ന അപഖ്യാതിക്ക് കാരണമാകും എന്ന ചിന്ത ഉപേക്ഷിക്കണം. ഈ വൈകല്യത്തെ അസുഖമായി പരിഗണിച്ച് ചികിത്സിച്ച് ഭേദമാക്കുക തന്നെ വേണം എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക.

ശ്രദ്ധ കൂട്ടുന്നതിനും ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിവ കുറയ്ക്കുന്നതിനും ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. കൃത്യമായ രീതിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള ഈ മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ അസുഖത്തെ ഏറെക്കുറെ കീഴടക്കാന്‍ സാധിക്കും. ചിലരില്‍ ഈ അവസ്ഥയോടൊപ്പം വിഷാദം, ഉത്കണ്ഠ എന്നിവയും കാണപ്പെടാറുണ്ട്. അത്തരക്കാരില്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് ഉപയോഗിക്കുക. ഈ അവസ്ഥയില്‍ മരുന്നുകള്‍ പരാജയപ്പെടുകയോ, അസുഖത്തിന്റെ കാഠിന്യം വര്‍ദ്ധിക്കുകയോ ചെയ്താല്‍ മാത്രം ആന്റി സൈക്കോട്ടിക് ഇനത്തില്‍ പെട്ട മരുന്നുകളെകുറിച്ച് ആലോചിക്കാവുന്നതാണ്.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഏറെക്കുറെ പൂര്‍ണ്ണമായും ഫലപ്രദമാകുമെങ്കിലും കുട്ടിക്ക് കൗണ്‍സലിംഗ്, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി മുതലായവയും ആവശ്യമായി വന്നേക്കാം. അമിത ദേഷ്യം, പഠന വൈകല്യം മുതലായവ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ചികിത്സ ആവശ്യമായി വന്നേക്കാം.