വലിയ ശസ്ത്രക്രിയകളില്ലാതെ കിഡ്നി ക്യാൻസർ ചികിത്സിക്കാം; എന്താണ് ‘മിനിമലി ഇൻവേസീവ്’ ചികിത്സ?

by Dr. Mohammed Sanoob M K

“ക്യാൻസർ” എന്ന വാക്ക് പലരിലും വലിയ ഭയം സൃഷ്ടിക്കുന്നതാണ്. എന്നാൽ ഇന്ന് മെഡിക്കൽ രംഗത്തുണ്ടായ പുരോഗതിയിലൂടെ പല ക്യാൻസറുകളും പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും സാധ്യമാണ്. കിഡ്നി ക്യാൻസറിന്റെ കാര്യത്തിലും ഇത് വളരെ പ്രസക്തമാണ്.

മുൻകാലങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം മാത്രമായിരുന്നു പലപ്പോഴും കിഡ്നി ക്യാൻസർ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് സാധാരണ അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ തുടങ്ങിയ പരിശോധനകളിലൂടെ ലക്ഷണങ്ങളില്ലാത്ത ചെറിയ കിഡ്നി ട്യൂമറുകൾ പോലും വളരെ നേരത്തെ കണ്ടെത്താൻ സാധിക്കുന്നു. പ്രത്യേകിച്ച് 4 സെന്റീമീറ്ററിൽ താഴെയുള്ള ചെറിയ ട്യൂമറുകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനാകുന്നത് ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാക്കുന്നു.

ചികിത്സാ രീതികളിലെ മാറ്റം

മുൻകാലങ്ങളിൽ വൃക്കയിൽ ട്യൂമർ കണ്ടെത്തിയാൽ പലപ്പോഴും മുഴുവൻ വൃക്കയും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇത് രോഗിയുടെ ഭാവിയിലെ വൃക്ക പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ട്യൂമർ ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്ത് ബാക്കി വൃക്ക സംരക്ഷിക്കുന്ന ആധുനിക ചികിത്സാരീതികൾ ലഭ്യമാണ്.

വലിയ മുറിവുകളില്ലാതെ, കുറഞ്ഞ വേദനയോടെ, കുറഞ്ഞ ആശുപത്രി വാസത്തോടെ, വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്ന ചികിത്സാ രീതികളെയാണ് പൊതുവെ ‘മിനിമലി ഇൻവേസീവ്’ ചികിത്സകൾ എന്ന് വിളിക്കുന്നത്.

1. റോബോട്ടിക് / ലാപ്രോസ്കോപ്പിക് പാർഷ്യൽ നെഫ്രെക്ടമി

മുഴുവൻ വൃക്കയും നീക്കം ചെയ്യുന്നതിന് പകരം ട്യൂമർ ബാധിച്ച ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് പാർഷ്യൽ നെഫ്രെക്ടമി. ഇതിലൂടെ ആരോഗ്യകരമായ വൃക്കയുടെ ഭാഗം സംരക്ഷിക്കാനാകും.

റോബോട്ടിക് സർജറിയിൽ സർജന് 3D ദൃശ്യങ്ങളിലൂടെ ട്യൂമർ വളരെ വ്യക്തമായി കാണാനും അതീവ സൂക്ഷ്മതയോടെ ശസ്ത്രക്രിയ നടത്താനും സാധിക്കുന്നു. ചെറിയ മുറിവുകൾ, കുറഞ്ഞ രക്തസ്രാവം, കുറഞ്ഞ വേദന, വേഗത്തിലുള്ള സുഖപ്രാപ്തി എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ.

2. അബ്ലേഷൻ തെറാപ്പികൾ

പ്രായക്കൂടുതൽ ഉള്ളവർക്കോ ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കോ വലിയ ശസ്ത്രക്രിയ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അബ്ലേഷൻ ചികിത്സകൾ പരിഗണിക്കാറുണ്ട്.

ഇത് ശസ്ത്രക്രിയ കൂടാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന രീതിയാണ്.

ക്രയോഅബ്ലേഷൻ: അൾട്രാസൗണ്ട് അല്ലെങ്കിൽ സി.ടി സ്കാനിന്റെ സഹായത്തോടെ ട്യൂമറിലേക്ക് പ്രത്യേക സൂചി കടത്തിവിട്ട് കടുത്ത തണുപ്പ് ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഇത്.

റേഡിയോഫ്രീക്വൻസി അബ്ലേഷൻ: ഉയർന്ന റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചൂട് സൃഷ്ടിച്ച് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്.

3. ആക്റ്റീവ് സർവൈലൻസ്

കണ്ടെത്തുന്ന എല്ലാ ചെറിയ കിഡ്നി ട്യൂമറുകൾക്കും ഉടൻ ശസ്ത്രക്രിയ ആവശ്യമായി വരണമെന്നില്ല. ചിലപ്പോൾ, പ്രത്യേകിച്ച് പ്രായമായവരിലും വളരെ മന്ദഗതിയിൽ വളരുന്ന ട്യൂമറുകളിലും, ഡോക്ടർമാർ ആക്റ്റീവ് സർവൈലൻസ് നിർദ്ദേശിക്കാറുണ്ട്.

ഈ രീതിയിൽ ഉടനടി ചികിത്സ നൽകുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ സ്കാൻ ചെയ്ത് ട്യൂമറിന്റെ വലിപ്പവും വളർച്ചയും നിരീക്ഷിക്കും. ട്യൂമർ വളരുകയോ സ്വഭാവത്തിൽ മാറ്റം കാണിക്കുകയോ ചെയ്താൽ മാത്രമാണ് തുടർചികിത്സ ആരംഭിക്കുക.

ഭയം വേണ്ട, നേരത്തെ കണ്ടെത്തൽ പ്രധാനമാണ്

കിഡ്നി ക്യാൻസർ രോഗിയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും ബാധിക്കുന്ന രോഗാവസ്ഥയാണ്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ഇന്ന് ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്. മിനിമലി ഇൻവേസീവ് ചികിത്സകൾ രോഗിയുടെ വേദനയും ഭയവും കുറയ്ക്കുകയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

കൃത്യമായ പരിശോധനകൾ, ശരിയായ സമയത്തുള്ള രോഗനിർണ്ണയം, വിദഗ്ധ ചികിത്സ എന്നിവയിലൂടെ കിഡ്നിയും ജീവിതവും ഒരുപോലെ സംരക്ഷിക്കാം.

Disclaimer: ഈ ലേഖനം പൊതുവായ ആരോഗ്യ ബോധവത്കരണത്തിനായി മാത്രമാണ്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം തേടുക.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number