മധ്യവയസ്കരിലെ ഹൃദ്രോഗ സാധ്യതകൾ; അറിയാം, അകറ്റി നിർത്താം

banner
Posted on : Oct 23, 2023

Share

മനുഷ്യ ശരീരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഓക്സിജനും പോഷകങ്ങളുമടങ്ങിയ രക്തം എല്ലാ അവയവങ്ങളിലേക്കും എത്തിക്കുന്നത് ഹൃദയമാണ്. ഏറ്റവും പ്രധാനപ്പെട്ട അവയവമാണെങ്കിലും ഹൃദയാരോഗ്യത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് നിർഭാഗ്യവശാൽ  ഇന്ന് കാണുന്നത്. യുവാക്കൾ മുതൽ പ്രായമായവർ വരെ ഇക്കാര്യത്തിൽ വിഭിന്നമല്ല. പ്രത്യേകിച്ച് മധ്യവയസ്കരും മുതിർന്നവരും. യുവാക്കളെ അപേക്ഷിച്ച് രോഗ സാധ്യത വളരെ കൂടുതലാണെങ്കിലും ഇത് മനസിലാക്കാതെ അനാരോഗ്യകരമായ ജീവിതം നയിക്കുന്നവരാണ് പലരും. അതേസമയം ജീവിതക്രമത്തിൽ കൊണ്ടുവരുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഹൃദ്രോഗ സാധ്യതകൾ കുറക്കാനും അത് വഴി ആരോഗ്യത്തോടെ ജീവിക്കാനും കഴിയും എന്നതാണ് യാഥാർത്ഥ്യം.

  • 60 വയസ് കഴിഞ്ഞവരിലെ ഹൃദ്രോഗ സാധ്യതകൾ

യുവാക്കളെ അപേക്ഷിച്ച് വാർധക്യത്തിത്തിലേക്ക് അടുക്കുന്നതോടെ ഹൃദയസംബന്ധിയായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അമേരിക്കൻ ഹാർട്ട്അസോസിയേഷന്റെ കണക്ക് പ്രകാരം 60 മുതൽ 80 വയസ് വരെയുള്ളവരിൽ ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കുള്ള സാധ്യത 70 ശതമാനത്തിലും കൂടുതലാണ്.

രക്തസമ്മർദ്ദം നിയന്ത്രണ വിധേയമല്ലാത്തതും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നതും പ്രമേഹം കൂടുന്നതും ഹൃദയാഘാതം, സ്ട്രോക്ക് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. അതേസമയം  സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണങ്ങൾക്ക് വരെയും ഹൃദ്രോഗം കാരണമാകും എന്നതാണ് വസ്തുത. ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

  • വനിതകളെ ബാധിക്കുമോ?

ഏറെ കാലമായി നിലനിൽക്കുന്ന ഒരു ചോദ്യമാണിത്. ഒരു പരിധി വരെ ബാധിക്കും എന്നാണ് ഉത്തരം. സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ് വനിതകളിൽ ഹൃദ്രോഗ സാധ്യത കുറക്കുന്നത്. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹോർമോൺ സഹായിക്കും. ഇതിന് പുറമേ രക്തക്കുഴലുകളെ ഊർജക്ഷമമാക്കുന്നതിനും ഈസ്ട്രജൻ ഏറെ ഗുണം ചെയ്യും. എന്നാൽ വാർധക്യത്തിലേക്ക് കടക്കുമ്പോൾ ആർത്തവ വിരാമം പൂർണമാകുന്നതോടെ ഈസ്ട്രജൻ ഉൽപാദനം നിലക്കുകയും വനിതകളിലെ  ഹൃദ്രോഗ സാധ്യതകൾ വർധിക്കുകയും ചെയ്യും.  ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഹൃദ്രോഗത്തിന് കാരണമായേക്കാം. പ്രായമേറിയരിൽ രക്തസമ്മർദ്ദം പോലെ പ്രമേഹവും പ്രായമായ സ്ത്രീകളിൽ ഏറ്റവുമധികം ഹൃദ്രോഗ കാരണമാകുന്നതാണ്. ഇതിന് പുറമേ സ്തനാർബുദത്തിനുള്ള ചില മരുന്നുകളും രോഗത്തിന് കാരണമാകാറുണ്ട്.

  • അനാരോഗ്യകരമായ ജീവിതക്രമമാണ് വില്ലൻ

ജനിതകപരമായി ഹൃദ്രോഗം ഉണ്ടാകാറുണ്ടെങ്കിലും യുവാക്കളിലാണ് ഇത്തരത്തിലുള്ള രോഗാവസ്ഥ കൂടുതലായി കണ്ടു വരുന്നത്. ജീവിത ക്രമത്തിൽ ഉണ്ടായ മാറ്റങ്ങളാണ് പ്രായമായവരിൽ ഹൃദ്രോഗം വർദ്ധിക്കാൻ കാരണം. ഇക്കാലത്ത് കൂടുതൽ പേരിലും കണ്ടുവരുന്ന ഒന്നാണ് അലസമായ ജീവിതക്രമം. ഇതിനുപുറമേ  വ്യായാമം ഇല്ലാത്തതും അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വാർധക്യത്തിലേക്ക് കടക്കുമ്പോൾ ഹൃദയാരോഗ്യം കുറയുന്നതിന് പ്രായം ഒരു ഘടകമാണ്. എന്നാൽ അനാരോഗ്യകരമായ ജീവിതം കൂടി ചേരുന്നതാണ് മുൻകാലങ്ങളെ അപേക്ഷിച്ച്  ഇന്ന് ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം.

  • മാനസിക ആരോഗ്യവും പ്രധാനം

മാനനസികാരോഗ്യവും ഹൃദ്രോഗവും തമ്മിൽ വലിയ രീതിയിലുള്ള ബന്ധങ്ങളുണ്ട്. വാർധക്യത്തിൽ ഒറ്റക്കായിപ്പോകുന്നതും സാമൂഹ്യവും ശാരീരികവുമായ പ്രശ്നങ്ങളും രോഗ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. വനിതകളുടെ കാര്യത്തിൽ ആർത്തവ വിരാമത്തിന് ശേഷമുണ്ടാകുന്ന വിഷാദരോഗം ഉൾപ്പെടെയുള്ള  മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. ഹൃദയത്തിന്റെ ഭിത്തികൾക്ക് തളർച്ച ഉണ്ടാക്കുകയും രക്തം പമ്പ് ചെയ്യുന്നതിനെ ബാധിക്കുകയും പെട്ടെന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

  • ലക്ഷണങ്ങൾ അവഗണിക്കരുത്

നെഞ്ചിന്റെ മധ്യഭാഗത്തുണ്ടാകുന്ന വേദനയോ തികട്ടലോ ശ്വാസംമുട്ടലോ ആണ് ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ കൈകൾ, താടി എന്നിവിടങ്ങളിലും വേദന ഉണ്ടാകാറുണ്ട്. ചില

കേസുകളിൽ വേദന ഉണ്ടാകുന്നതിന് പകരം ശ്വാസം മുട്ടൽ, ചർദ്ദി, പെട്ടെന്ന് അമിതമായി വിയർക്കുന്നതുമെല്ലാം ലക്ഷണങ്ങളാകാം.

  • പരിശോധിക്കാനും ചികിത്സിക്കാനും വൈകല്ലേ!

ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടാൽ  ഉടൻ തന്നെ വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശപ്രകാരം  പരിശോധനകൾ നടത്തേണ്ടതുണ്ട്. .സി.ജി, എക്കോ കാർഡിയോഗ്രാം, ട്രെഡ്മില്ല് ടെസ്റ്റ് ഉൾപ്പെടെ പരിശോധനകളിലൂടെ ഹൃദയാരോഗ്യം അറിയാൻ കഴിയും. കൊളസ്ട്രോൾ കൂടുതലുള്ളവരിൽ സി.ടി സ്കാൻ കാൽസ്യം സ്കോറിങ്ങ് പരിശോധന നടത്തിയാൽ കാൽസ്യത്തിന്റെ അളവ് നോക്കി ഹൃദ്രോഗത്തിനുള്ള സാധ്യതകൾ കണ്ടെത്താനാകും.

രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ്    ചികിത്സ നടത്തുന്നത്. മരുന്നുകൾ മുതൽ ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും ഉൾപ്പെടെ വിവിധ ചികിത്സകളാണ് ഉള്ളത്.

  • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

 ജീവിതക്രമത്തിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവന്നാൽ ഹൃദ്രോഗത്തെ പേടിക്കാതെ ജീവിക്കാൻ കഴിയും.  കൃത്യമായ വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം ശീലമാക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കും. രണ്ടുദിവസം  പേശികൾക്ക് ബലം വയ്ക്കുന്നതിനുള്ള ലഘു വ്യായാമങ്ങളും അഭികാമ്യമാണ്. ശാരീരിക ക്ഷമത ഉള്ളവർ വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്, ഓട്ടം, ട്രെഡ്മിൽ, ക്രോസ് ട്രെയിനിങ്  തുടങ്ങിയവ ചെയ്യുന്നത് കൂടുതൽ അഭികാമ്യമാണ്

ഭക്ഷണ ശീലത്തിലും  മാറ്റം  കൊണ്ടുവരേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.  ഉപ്പും വലിയതോതിൽ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. കൃത്യസമയത്ത് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. ഇതിനുപുറമേ നട്സ്, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളും മത്സ്യ മാംസാദികളും പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ ഹൃദ്രോഗത്തെ അകറ്റിനിർത്താനാകും. ഇതിനോടൊപ്പം മാനസിക ആരോഗ്യം  മെച്ചപ്പെടുത്തുന്നതിനും  പരിപൂർണ്ണ ശ്രദ്ധ വേണം. ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരുന്നതിനൊപ്പം ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തിയാൽ കൃത്യമായ ചികിത്സ  എടുക്കുന്നതും നല്ലതാണ്.

  • നിരാശ വേണ്ട, തിരിച്ചുപിടിക്കാം.

ഒരിക്കൽ ഹൃദ്രോഹം ബാധിച്ചു എന്നോർത്ത് നിരാശപ്പെട്ട് കഴിയേണ്ടതില്ല. കൃത്യമായി ചികിത്സയും മുൻകരുതലുകളും എടുത്താൽ അതിജീവിക്കാവുന്നതേയുള്ളൂ. കൃത്യമായി മരുന്ന് കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിതക്രമത്തിലും ഭക്ഷണരീതിയിലും മാറ്റം കൊണ്ടുവരികയും കൃത്യമായി വ്യായാമം ചെയ്യുകയും വേണം. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ശ്രദ്ധിക്കണം. കൃത്യമായ തുടർ പരിശോധനകൾ നടത്തുകയും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യണം.

(തയ്യാറാക്കിയത് : ഡോ. ടെഫി ജോസ് കൺസൾട്ടന്റ് - ഇന്റർവെൻഷനൽ  കാർഡിയോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number