കരളിനെ ബാധിക്കുന്ന മെറ്റബോളിക് ലിവർ ഡിസീസ്: നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഡോ. മഹേഷ് മേനോൻ
സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻ്ററോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ
നിങ്ങൾ മുൻപ് കേട്ടിട്ടുള്ള നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' (NAFLD) എന്ന രോഗാവസ്ഥ ഇന്ന് മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ശരീരത്തിലെ മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറുകളാണ് കരളിൽ കൊഴുപ്പ് അടിയുന്ന ഈ രോഗത്തിന് പ്രധാന കാരണം.
മുന്നറിയിപ്പില്ലാതെ എത്തുന്ന രോഗം: ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ഭൂരിഭാഗം ആളുകളിലും പ്രകടമായ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാതെ തന്നെ ഈ രോഗം കരളിൽ പടരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ രോഗം വർദ്ധിക്കുന്നതിനനുസരിച്ച്, ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്ത 'ഇൻസുലിൻ റെസിസ്റ്റൻസ്' എന്ന അവസ്ഥയുടെ ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങിയേക്കാം.
- ചർമ്മത്തിലെ മാറ്റങ്ങൾ: ഇൻസുലിൻ പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാഹ്യലക്ഷണമാണിത്. രക്തത്തിലെ ഇൻസുലിന്റെ അളവ് കൂടുമ്പോൾ ചർമ്മത്തിലെ കോശങ്ങൾ അമിതമായി ഉത്തേജിക്കപ്പെടുകയും, തൽഫലമായി കഴുത്തിന് പിന്നിലോ കക്ഷത്തിലോ ഉള്ള ചർമ്മം ഇരുണ്ട നിറം (Acanthosis Nigricans) പടരുന്നു. ഇത് കേവലം അഴുക്കല്ല, മറിച്ച് ശരീരത്തിനുള്ളിലെ ഉപാപചയ തകരാറുകളെ സൂചിപ്പിക്കുന്ന ഒരു അടയാളമാണ്.
- സ്കിൻ ടാഗുകൾ (Skin Tags): ചർമ്മത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ചെറിയ മാംസപിണ്ഡങ്ങളെയാണ് സ്കിൻ ടാഗുകൾ എന്ന് വിളിക്കുന്നത്. ഇവ സാധാരണയായി അപകടകാരികളല്ലെങ്കിലും, ശരീരത്തിൽ ഇവയുടെ എണ്ണം പെട്ടെന്ന് വർദ്ധിക്കുന്നത് ഇൻസുലിൻ പ്രതിരോധവുമായോ പ്രമേഹസാധ്യതയുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കണ്പോളകൾ, കഴുത്ത്, കക്ഷം തുടങ്ങിയ ഭാഗങ്ങളിലാണ് ഇവ സാധാരണയായി കണ്ടുവരുന്നത്.
മേല്പറഞ്ഞ രണ്ട് ചർമ്മലക്ഷണങ്ങളും സൂചിപ്പിക്കുന്നത് ശരീരത്തിലുള്ള ഗ്ലുക്കോസ് ശരിയായി വിനിയോഗിക്കാൻ കഴിയുന്നില്ല എന്നാണ്. കരളിൽ കൊഴുപ്പ് അടിയുന്ന മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ് (MASLD) ഇത്തരം ചർമ്മ മാറ്റങ്ങൾ കാണപ്പെടുന്നത് രോഗം കൂടുതൽ ശ്രദ്ധിക്കണമെന്നതിന്റെ മുന്നറിയിപ്പാണ്.
മെറ്റബോളിക് സിൻഡ്രോം എന്ന വില്ലൻ
മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ് എന്നത് കേവലം ഒരു കരൾ രോഗം മാത്രമല്ല, മറിച്ച് മെറ്റബോളിക് സിൻഡ്രോമിന്റെ ഒരു പ്രധാന ഭാഗമാണ്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ചേരുന്ന അവസ്ഥയാണിത്.
ആർക്കൊക്കെ ഈ രോഗം വരാൻ സാധ്യത കൂടുതലാണ്?
1. അമിതവണ്ണവും പൊണ്ണത്തടിയും: ശരീരഭാരം കൂടുന്നതിനനുസരിച്ച് കരളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
വ്യായാമമില്ലാത്ത ജീവിതശൈലി: ശാരീരിക അധ്വാനം കുറയുന്നത് ഇൻസുലിൻ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു.
2 .കുടുംബപാരമ്പര്യം: താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണം:
- പ്രമേഹം (Diabetes)
- ഉയർന്ന രക്തസമ്മർദ്ദം (Hypertension)
- ഹൃദ്രോഗങ്ങൾ (Ischemic Heart Disease)
- വിട്ടുമാറാത്ത കരൾ രോഗങ്ങൾ (Chronic Liver Disease)
പ്രതിരോധവും ചികിത്സയും: ജീവിതശൈലിയിലെ മാറ്റങ്ങൾ
ഈ രോഗത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മരുന്നുകളേക്കാൾ ഉപരിയായി, കൃത്യമായ ഭക്ഷണരീതിയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ഈ രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും അത്യാവശ്യം.
- ശരീരഭാരം കുറയ്ക്കൽ: പെട്ടെന്നല്ലാതെ, സാവധാനത്തിലും കൃത്യമായും ശരീരഭാരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.
- വ്യായാമം: പതിവായുള്ള നടത്തം, ഓട്ടം തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾക്കൊപ്പം മസിലുകൾക്ക് ബലം നൽകുന്ന 'റെസിസ്റ്റൻസ് ട്രെയിനിംഗും' ഉൾപ്പെടുത്തുക.
- ഭക്ഷണക്രമം: കാർബോഹൈഡ്രേറ്റ് (അരിഭക്ഷണം, മധുരം) കുറഞ്ഞ ഭക്ഷണരീതി പിന്തുടരുക.
ചുരുക്കത്തിൽ, മരുന്നുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം കൃത്യമായ ഭക്ഷണക്രമവും വ്യായാമവും വഴി നമ്മുടെ കരളിനെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും. 'നിശബ്ദനായ വില്ലൻ' എന്ന് വിളിക്കപ്പെടുന്ന MASLD പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നത് മാത്രമാണ് ആരോഗ്യം സംരക്ഷിക്കാനുള്ള പോംവഴികൾ. അതിനാൽ, അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയും മാറ്റിവെച്ച് ആരോഗ്യകരമായ ഒരു നാളെയ്ക്കായി ഇന്നേ തയ്യാറെടുക്കാം.






