പാർക്കിൻസൺസ് രോഗികളിൽ ചലന വൈകല്യങ്ങൾ അവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കും?
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗമാണ് പാർക്കിൻസൺസ്. തലച്ചോറിലെ ഡോപാമൈൻ (Dopamine) ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സങ്കീർണ്ണത, ഈ രോഗം വെറുമൊരു 'വിറയൽ' മാത്രമല്ല എന്നതാണ്. ഇത് രോഗിയുടെ ശരീരത്തിന്റെ സ്വാഭാവികമായ ചലനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ചലന വൈകല്യങ്ങൾ: ശ്രദ്ധിക്കപ്പെടുന്നതും അല്ലാത്തതും
പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളെ നാം സാധാരണയായി 'മോട്ടോർ ലക്ഷണങ്ങൾ' (Motor Symptoms) എന്ന് വിളിക്കുന്നു. രോഗം നിർണയിക്കുമ്പോൾ പ്രധാനമായും കാണപ്പെടുന്ന ലക്ഷണമാണ് വിറയൽ. ഇത് വിശ്രമവേളകളിലാണ് കൂടുതലായി പ്രകടമാവുക. എന്നാൽ ഇതിനേക്കാൾ ഉപരിയായി രോഗിയുടെ ജീവിതത്തെ പ്രയാസത്തിലാക്കുന്ന മറ്റ് ചില ലക്ഷണങ്ങളുണ്ട്.
ബ്രാഡികൈനേഷ്യ (Bradykinesia) അഥവാ ചലനവേഗത കുറയുന്നതാണ് ഇതിൽ പ്രധാനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ഉള്ള വേഗത കുറയുന്നത് രോഗിയിൽ വലിയ നിരാശയുണ്ടാക്കാം. അതുപോലെ തന്നെ പേശികൾ കാഠിന്യമേറിയതാകുന്നത് കൈകാലുകൾ ചലിപ്പിക്കുന്നത് വേദനയുള്ളതാക്കി മാറ്റുന്നു. അധികം പുറമെ നിന്ന് കാണാൻ കഴിയാത്ത മറ്റൊരു ലക്ഷമാണ് 'ഫ്രീസിങ്' (Freezing of gait). കൂടാതെ നടന്നു തുടങ്ങുമ്പോഴോ തിരിയുമ്പോഴോ കാലുകൾ തറയിൽ ഒട്ടിപ്പിടിച്ചത് പോലെ തോന്നുന്ന ഈ അവസ്ഥ രോഗിയെ വീഴ്ചകളിലേക്ക് നയിക്കാം.
ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം?
രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് കൃത്യമായ ചികിത്സ നൽകാൻ സഹായിക്കും. കയ്യിലുണ്ടാകുന്ന ചെറിയ വിറയൽ മാത്രമല്ല ഇതിന്റെ സൂചന. ഒരാളുടെ കൈയക്ഷരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉദാഹരണത്തിന് അക്ഷരങ്ങൾ വളരെ ചെറുതായി വരിക, മുഖഭാവങ്ങളിൽ മാറ്റമില്ലാതെ വരുന്നത്, നടക്കുമ്പോൾ കൈകൾ വീശാതിരിക്കുക, ശരീരത്തിന്റെ ബാലൻസ് തെറ്റുക എന്നിവയെല്ലാം ഗൗരവമായി തന്നെ കാണണം. പലപ്പോഴും രോഗികൾ ഇവ വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളായി കരുതി അവഗണിക്കാറാണ് പതിവ്. ലണ്ടനിലെ ക്വീൻ സ്ക്വയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മോട്ടോർ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുൻപേ തന്നെ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മലബന്ധവും പാർക്കിൻസൺസിന്റെ മുൻഗാമികളായി വരാമെന്നാണ്.
രോഗം സങ്കീർണ്ണമാകുന്നത് എങ്ങനെ തടയാം?
പാർക്കിൻസൺസ് ഒരു പുരോഗമന സ്വഭാവമുള്ള രോഗമാണെങ്കിലും, ചില മുൻകരുതലുകൾ വഴി രോഗം മൂർച്ഛിക്കാതെ നിയന്ത്രിക്കാൻ സാധിക്കും. കൃത്യമായ വ്യായാമമാണ് ഇതിൽ ഏറ്റവും പ്രധാനം. ന്യൂറോസയൻസിലെ സമഗ്രമായ പഠനങ്ങൾ വ്യക്തമാക്കുന്നത്, തീവ്രത കുറഞ്ഞ എയറോബിക് വ്യായാമങ്ങൾ തലച്ചോറിലെ ന്യൂറോപ്ലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുകയും ഡോപാമൈൻ നാശത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്.
രോഗം വിട്ടുമാറാത്ത അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നത് ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ ആഹാരത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. കൂടാതെ നടത്തത്തിലെ ബാലൻസ് മെച്ചപ്പെടുത്താനും വീഴ്ചകൾ ഒഴിവാക്കാനും ഫിസിയോതെറാപ്പിയിലൂടെ സാധിക്കും.
അതിജീവനത്തിന്റെ വഴികൾ
പാർക്കിൻസൺസ് രോഗികളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. രോഗിക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ആവശ്യമായ സമയം നൽകുക. അവർ തളർന്നു പോകുമ്പോൾ ചേർത്തുപിടിക്കുക. ഇന്ന് ആധുനിക വൈദ്യശാസ്ത്രം നൽകുന്ന മരുന്നുകളും, ചില പ്രത്യേക സാഹചര്യങ്ങളിൽ നൽകുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) പോലുള്ള ശസ്ത്രക്രിയകളും രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ വഴിയൊരുക്കുന്നുണ്ട്. ഭയപ്പെടുകയല്ല, മറിച്ച് രോഗത്തെ കൃത്യമായി മനസ്സിലാക്കി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടത്. ശരിയായ വ്യായാമവും കൃത്യമായ ചികിത്സയും ഉണ്ടെങ്കിൽ പാർക്കിൻസൺസിനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ നമുക്ക് സാധിക്കും.
Consultation
📞 +91 9656 000 610
📍 Aster MIMS Kottakkal






