ക്യാൻസർ ചികിത്സ അവസാനിക്കുന്നതോടെ പോരാട്ടം കഴിഞ്ഞു എന്ന് പലപ്പോഴും കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ സമയത്താണ് മറ്റൊരു ഘട്ടത്തിലേക്ക് ക്യാൻസർ അതിജീവിച്ചവർ കടന്നു പോകുന്നത്. ചികിത്സാവേളയിൽ സർവ്വ ശ്രദ്ധയും രോഗമുക്തി നേടുന്നതിലായിരിക്കും. മെഡിക്കൽ ടീമിന്റെ പരിരക്ഷ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയ ചികിത്സാ കഴിഞ്ഞ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആഘാതങ്ങൾ പല ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. പതിവ് ഹോസ്പിറ്റൽ സന്ദർശനങ്ങൾ കുറയുകയും വ്യക്തികൾ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ അനുഭവിച്ച തീവ്രമായ ആഘാതങ്ങൾ പലവിധ മാനസിക-ശാരീരിക ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. സുരക്ഷിതത്വത്തിന്റെ ഒരു കവചം പെട്ടെന്ന് നഷ്ടപ്പെടുന്നത് അവരിൽ ശാരീരിക ബുദ്ധിമുട്ടുകൾ മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കാറുണ്ട്.
വൈദ്യശാസ്ത്രപരമായി ഈ അവസ്ഥകളെയും അവയുടെ ലക്ഷണങ്ങളെയും താഴെ പറയുന്ന പ്രമുഖ ക്ലിനിക്കൽ വിഭാഗങ്ങളായി കാണപ്പെടുന്നു.
1. കാൻസറോഫോബിയ അല്ലെങ്കിൽ രോഗാവസ്ഥ വീണ്ടും വരുമെന്ന ഭയം
ക്യാൻസർ അതിജീവിച്ചവരിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒരു സൈക്കോ-ഓങ്കോളജിക്കൽ അവസ്ഥയാണിത്. രോഗമുക്തി നേടി എന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതിനു ശേഷവും, രോഗം ശരീരത്തിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന തീവ്രവും വിട്ടുമാറാത്തതുമായ ആശങ്കയാണ് ഇതിന്റെ പ്രത്യേകത.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ശരീരത്തിൽ ഉണ്ടാകുന്ന ചെറിയൊരു പേശി വേദനയോ നേരിയ ചുമയോ സാധാരണ ക്ഷീണമോ പോലും രോഗം വീണ്ടും പടരുന്നതിന്റെ ലക്ഷണമാണോ എന്ന് അവർ ഭയപ്പെടുന്നു. ഇത് പലപ്പോഴും ഹൈപ്പർവിജിലൻസ് (ശരീരത്തിലെ ഓരോ മാറ്റങ്ങളെയും ഭീതിയോടെ നിരീക്ഷിക്കുക) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഈ നിരന്തരമായ ഭയം വ്യക്തികളുടെ ദൈനംദിന കാര്യങ്ങളെ തൊഴിൽപരമായ ശ്രദ്ധയെ സാമൂഹിക ഇടപെടലുകളെ സാരമായി ബാധിക്കുന്നു. കൂടാതെ കടുത്ത ഉറക്കമില്ലായ്മയിലേക്കും ഇത് വഴിതെളിക്കാറുണ്ട്.
2. പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ
ക്യാൻസർ രോഗനിർണ്ണയവും അതിനെത്തുടർന്നുണ്ടായ കഠിനമായ ചികിത്സാ പ്രക്രിയകളും ഒരു വ്യക്തിയെ സംബന്ധിച്ച് പെട്ടെന്നുണ്ടാകുന്ന ജീവൽഭീഷണിയാണ്. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഒരു 'ട്രോമാറ്റിക് ഇവന്റ്' ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹോസ്പിറ്റലിലെ ഗന്ധം, കീമോതെറാപ്പി വാർഡുകളുടെ ദൃശ്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ശബ്ദങ്ങൾ, അല്ലെങ്കിൽ മറ്റാരെങ്കിലും രോഗത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നത് പോലും പഴയ ഭീതിദമായ ഓർമ്മകളെ അതെ തീവ്രതയോടെ മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരാം.
പല അതിജീവിതരും തങ്ങളുടെ തുടർന്നുള്ള പരിശോധനകളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാറുണ്ട്. ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നത് പാനിക് അറ്റാക്കുകൾക്ക് വരെ കാരണമാകുന്നു.
3. 'കീമോ ബ്രെയിൻ' അല്ലെങ്കിൽ കോഗ്നിറ്റീവ് ഡിസ്ഫംഗ്ഷൻ
കീമോതെറാപ്പി റേഡിയേഷൻ ഹോർമോൺ തെറാപ്പി തുടങ്ങിയ തീവ്രമായ ചികിത്സാ രീതികൾ കാരണം രോഗിയുടെ കേന്ദ്ര നാഡീവ്യൂഹത്തിൽ ഉണ്ടാകുന്ന താത്കാലികമായ മാറ്റങ്ങളെയാണ് 'കീമോ ബ്രെയിൻ' എന്ന് വിളിക്കുന്നത്.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹ്രസ്വകാല ഓർമ്മക്കുറവ് ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അനുയോജ്യമായ വാക്കുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരുക ചിന്തകളിലുണ്ടാകുന്ന മന്ദത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗവിമുക്തിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പലർക്കും പഴയതുപോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇത് രോഗികളിൽ കടുത്ത നിരാശയും ആത്മവിശ്വാസക്കുറവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിക്കുന്നു.
4. ബോഡി ഇമേജ് ഡിസ്ട്രെസ്
ക്യാൻസർ ചികിത്സകൾ പലപ്പോഴും സർജറികൾ നേരിട്ടതിനു ശേഷം ശരീരത്തിന്റെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന് മാസ്റ്റക്ടമി അഥവാ സ്തനം നീക്കം ചെയ്യൽ, അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വരിക, സ്റ്റോമ ബാഗുകൾ ഘടിപ്പിക്കുക, കീമോതെറാപ്പി മൂലമുള്ള മുടി കൊഴിച്ചിൽ, ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ, റേഡിയേഷൻ പാടുകൾ, വന്ധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്ലിനിക്കൽ ലക്ഷണങ്ങൾ: സ്വന്തം ശരീരത്തോട് തോന്നുന്ന അപകർഷതാബോധം, ലൈംഗിക വിമുഖത, പങ്കാളിയോട് തുറന്നു സംസാരിക്കാനുള്ള മടി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇത് വ്യക്തികളെ ഗുരുതരമായ സാമൂഹിക ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. മറ്റുള്ളവർ തങ്ങളെ സഹതാപത്തോടെയോ വിചിത്രമായോ നോക്കിക്കാണുമോ എന്ന ഭയം കാരണം ഇവർ പൊതുചടങ്ങുകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും സ്വയം മാറിനിൽക്കുന്നു.
ക്ലിനിക്കൽ ഇടപെടലുകളും പ്രതിരോധ മാർഗ്ഗങ്ങളും
ഒരു രോഗി പൂർണ്ണ രോഗമുക്തി നേടി എന്ന് അവകാശപ്പെടണമെങ്കിൽ അവരുടെ ശാരീരിക പരിശോധനകൾക്ക് നൽകുന്ന അതേ പ്രാധാന്യവും മുൻഗണനയും മാനസികാരോഗ്യത്തിനും നൽകണം. ഇതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ചില മെഡിക്കൽ-സൈക്കോസോഷ്യൽ മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:
സൈക്കോ-ഓങ്കോളജി പിന്തുണ
ക്യാൻസർ രോഗികളുടെയും അതിജീവിതരുടെയും സവിശേഷമായ മാനസികാവസ്ഥകളെ കൈകാര്യം ചെയ്യാൻ മാത്രമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മനഃശാസ്ത്ര ശാഖയാണിത്. ഇതിലൂടെ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രോഗികളിലെ യുക്തിരഹിതമായ ഭയങ്ങളെയും നെഗറ്റീവ് ചിന്താധാരകളെയും തിരിച്ചറിഞ്ഞ് അവയെ പോസിറ്റീവായി പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. അതിനായി സ്ട്രെസ് റിഡക്ഷൻ തെറാപ്പികളിലൂടെ മനസ്സിന്റെ ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
ഫാർമക്കോതെറാപ്പി
മാനസികമായ ബുദ്ധിമുട്ടുകൾ കൗൺസിലിംഗിലൂടെ മാത്രം മാറാത്ത ഘട്ടത്തിൽ കൃത്യമായ ക്ലിനിക്കൽ ഇടപെടൽ ആവശ്യമാണ്. അതിജീവിതരിൽ ക്ലിനിക്കൽ ഡിപ്രഷൻ അല്ലെങ്കിൽ ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ എന്നിവ സ്ഥിരീകരിക്കുകയാണെങ്കിൽ മെഡിക്കൽ ഗൈഡ്‌ലൈൻസ് അനുസരിച്ചുള്ള മരുന്നുകൾ നൽകണം.
തലച്ചോറിലെ മൂഡ് വ്യതിയാനങ്ങളെ നിയന്ത്രിക്കുന്ന സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സെലെക്ടിവ് സെറോടോണിൻ റീ-അപ്‌ടേക്ക് ഇൻഹിബിറ്ററുകൾ പോലുള്ള ആന്റി-ഡിപ്രസന്റുകളും ആന്റി-ആങ്സൈറ്റി മരുന്നുകളും കൃത്യമായ അളവിൽ നൽകുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം ഗണ്യമായി ഉയർത്താൻ സാധിക്കും.
സർവൈവർഷിപ്പ് കെയർ പ്ലാൻ
സജീവ ചികിത്സ അവസാനിക്കുന്ന ഘട്ടത്തിൽ മൾട്ടി-ഡിസിപ്ലിനറി ടീം സംയുക്തമായി ഓരോ രോഗിക്കും ഒരു പ്രത്യേക 'സർവൈവർഷിപ്പ് ഗൈഡ്‌ലൈൻ' തയ്യാറാക്കി നൽകേണ്ടതുണ്ട്.
കൃത്യമായ ഫോളോ-അപ്പ് ടെസ്റ്റുകളുടെ വിവരങ്ങൾ മാത്രമല്ല, മറിച്ച് 'കീമോ ബ്രെയിൻ' മറികടക്കാനുള്ള കോഗ്നിറ്റീവ് വ്യായാമങ്ങൾ, ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള മെഡിക്കൽ വ്യായാമങ്ങൾ, ശരിയായ പോഷകാഹാര ക്രമം, മാനസികാരോഗ്യ കൗൺസിലിംഗിനുള്ള ഷെഡ്യൂളുകൾ, സപ്പോർട്ട് ഗ്രൂപ്പുകളുടെ വിവരങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയ ചികിത്സ രൂപരേഖ തയ്യാറിക്കി നൽകുക.
ക്യാൻസറിനെ അതിജീവിച്ച ഒരു വ്യക്തിക്ക് ചികിത്സയ്ക്ക് ശേഷമുള്ള കടുത്ത വിഷാദമോ, വിട്ടുമാറാത്ത ഉത്കണ്ഠയോ, വൈകാരികമായ തകർച്ചയോ തോന്നുന്നത് തികച്ചും സ്വാഭാവികമായ ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ഇത് ഒരിക്കലും ആ വ്യക്തിയുടെ മാനസികമായ ബലഹീനതയോ പരാജയമോ അല്ല! മറിച്ച്, അവർ അനുഭവിച്ച കഠിനമായ ചികിത്സകളുടെ പാർശ്വഫലങ്ങളുടെയും ശരീരവും മനസ്സും നേരിട്ട തീവ്രമായ ആഘാതത്തിന്റെയും തുടർച്ച മാത്രമാണ്.
ശരീരത്തിലെ ശസ്ത്രക്രിയാ മുറിവുകൾ ഉണങ്ങുന്ന അതേ വേഗതയിൽ മനസ്സിന്റെ ആകുലതകൾ മാറും എന്നില്ല. അവർക്ക് കുടുംബത്തിന്റെ സ്നേഹവും, സമൂഹത്തിന്റെ ബോധവൽക്കരണവും, മെഡിക്കൽ ലോകത്തിന്റെ കൃത്യമായ ക്ലിനിക്കൽ പിന്തുണയും നിരന്തരം ആവശ്യമുണ്ട്. അവരുടെ ഭയങ്ങളെയും സങ്കടങ്ങളെയും നിസ്സാരവൽക്കരിക്കാതെ, അവരെ ക്ഷമയോടെ കേൾക്കാൻ നമ്മൾ തയ്യാറാകുക എന്നതാണ് ഈ നാഷണൽ ക്യാൻസർ സർവൈവേഴ്സ് ദിനത്തിൽ ഒരു മെഡിക്കൽ കമ്മ്യൂണിറ്റി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമുക്ക് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഉറപ്പും കരുതലും.

